ലൈഫ് മിഷൻ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം നടത്തി
തൃശൂർ: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉപജീവനത്തിനായി കുടുംബശ്രീയും വ്യവസായ വകുപ്പുമായി ചേർന്ന് തൊഴിൽ പരിശീലനം കൂടി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി തൃശൂർ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലൈഫ് മിഷൻ ഒന്നാം ഘട്ടം - പൂർത്തിയാകാത്ത ഭവനങ്ങളുടെ പൂർത്തീകരണം, രണ്ടാം ഘട്ടം - ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് പാർപ്പിടം നൽകൽ, പി.എം.എ.വൈ ഗ്രാമം, നഗരം എന്നീ പദ്ധതികളിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനമാണ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ ഇ.ടി ടൈസൺ മാസ്റ്റർ, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, കേരള പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി എസ് വിനയൻ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ. ആർ ജൈത്രൻ തുടങ്ങിയവർ സംസാരിച്ചു.