കൊടുങ്ങല്ലൂർ: ചൈനയിലെ കൊറോണ വൈറസ് ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ആവശ്യമായ സഹായങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് എംബസി തലത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അഭ്യർത്ഥിച്ചു. എറിയാട് യുബസാർ സ്വദേശിയും ഇപ്പോൾ ചൈനയിലെ നിങ്ങ്ബോ യൂണിവേഴ്സിറ്റിയിൽ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്തു കൊണ്ടിരിക്കുന്ന ഡോ.പി.എസ് നജീബ് ആണ് എം.എൽ.എയെ അവിടുത്തെ സ്ഥിതിഗതികൾ അറിയിച്ചത്. അവിടെയുള്ള മലയാളി വിദ്യാർത്ഥികൾക്ക് വൈറസ് ആക്രമണത്തെ പ്രതിരോധിക്കുവാനാവശ്യമായ പ്രാഥമിക പ്രതിരോധ സംവിധാനങ്ങളായ മാസ്കോ ഗ്ലൗസോ പോലും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളതെന്നും ഭീതിതമായ ഈ സാഹചര്യത്തിൽ കഴിയുന്ന അവർക്ക് അടിയന്തര സഹായം നൽകുന്നതിനാവശ്യമായ ഇടപെടൽ നടത്തണമെന്നുമുള്ള അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഇക്കാര്യം കത്തിലൂടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഈ വിവരം കൈമാറിയത്.