അമല നഗർ: പന്ത്രണ്ട് വയസുകാരൻ്റെ തലയിൽ തുളച്ച് കയറിയ നാല് സെന്റി മീറ്റർ നീളമുള്ള വിറകിൻ കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
തിരുനാവായ എൻ.എം.എച്ച്.എസ്.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അയങ്കലം കണോത്ത് മുനവർ അലിയുടെ തലയിലാണ് വിറകിൻ കഷണം കയറിയത്. ചൊവ്വാഴ്ച്ച വൈകീട്ട് ഏഴരയോടെ സമീപത്തെ പള്ളിയിലേക്ക് സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം.
സ്ത്രീ തലയിലേറ്റി കൊണ്ടുപോയിരുന്ന വിറകുകെട്ടിൽ ഇടിച്ചതിനെ തുടർന്ന് കണ്ണിന്റെ അരികിലൂടെ വിറക് കോൽ തലയോട്ടി തുളച്ച് അകത്ത് കയറി. സംഭവത്തെ തുടർന്ന് കുറച്ച് രക്തം പോയതല്ലാതെ വേറെ വിഷമങ്ങളൊന്നും അനുഭവപ്പെട്ടില്ല. ബുധനാഴ്ച ഛർദ്ദി ഉണ്ടായതിനെ തുടർന്നാണ് വീട്ടുകാരോട് സംഭവം പറഞ്ഞത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ കാണിച്ചെങ്കിലും അവർ അമല ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോ. സുരേഷ് കുമാർ, ഡോ. സുമിത്ത്, ഡോ. ജൂലി എന്നിവർ പറഞ്ഞു.