താന്ന്യം: സഹോദരിയെയും കൂട്ടി ബൈക്കിൽ വരികയായിരുന്ന യുവാവിനെ സദാചാരഗുണ്ടകൾ തടഞ്ഞു നിറുത്തി ആക്രമിച്ചു. പെൺകുട്ടിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ആലപ്പാട് സ്വദേശി മാളൂര് രവിയുടെ മകൻ വിഷ്ണുവും (23) പെരിങ്ങോട്ടുകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമാണ് ആക്രമിക്കപ്പെട്ടത്.
ബുധനാഴ്ച വൈകീട്ട് നാലോടെ ചെമ്മാപ്പിള്ളി കടവിനടുത്തായിരുന്നു സംഭവം. കടവിനടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയിരുന്ന സഹോദരിയെ കൊണ്ടുവരാൻ ബൈക്കിലെത്തിയതായിരുന്നു വിഷ്ണു. സഹോദരിയെ കയറ്റി ബൈക്കെടുക്കാനൊരുങ്ങിയപ്പോൾ സ്‌കൂട്ടറിലെത്തിയ മൂന്ന് ചെറുപ്പക്കാർ ഇവരെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. കൂടെയുള്ളത് സഹോദരിയാണെന്ന് പറഞ്ഞിട്ടും ചെവികൊള്ളാതെ വിഷ്ണുവിനെ മർദ്ദിച്ചു. കൂട്ടത്തിലൊരാൾ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഒച്ചവെച്ചതോടെ സമീപത്ത് താമസിക്കുന്ന കൂട്ടുകാരി ഓടിയെത്തിയെങ്കിലും അവരെയും അക്രമികൾ ഭീഷണിപ്പെടുത്തി ഓടിച്ചു. വിഷ്ണുവും സഹോദരിയും ബഹളം വച്ചതോടെ അക്രമികൾ സ്ഥലം വിട്ടു.
പെരിങ്ങോട്ടുകര സ്വദേശി ബാലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് വിഷ്ണു പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ വിഷ്ണുവിനെ ആലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്തിക്കാട് പൊലീസിൽ പരാതി നൽകി.