തൃശൂർ: ഗുജറാത്തിൽ നിന്നുമെത്തിയ 30 അംഗ സംഘത്തെ മതപരിവർത്തനം ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. പൊലീസ് എത്തി രേഖകൾ പരിശോധിച്ചതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ വിട്ടയച്ചു.
ഗുജറാത്തിലെ വാപിയിൽ നിന്നും 16311 നമ്പർ ശ്രീനഗർ - കൊച്ചുവേളി എക്സ്പ്രസിൽ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് ഐക്യവേദി പ്രവർത്തകർ തടഞ്ഞത്.
മുരിയാട് എമ്പറർ ഇമ്മാനുവൽ സഭയുടെ തിരുനാൾ ആഘോഷം കാണുന്നതിന് എത്തിയതാണെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ട്രെയിനിൽ നിന്നും ഒരു സ്ത്രീ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തടയാനെത്തിയത്. നേരത്തെ ഇക്കാര്യം വിളിച്ചറിയിച്ച സ്ത്രീയുടെ തന്നെ പരാതിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് ഇവരുടെ ടിക്കറ്റ് പരിശോധന നടത്തിയിരുന്നു. പക്ഷേ ടിക്കറ്റോടു കൂടി യാത്ര ചെയ്യുന്നതിനാൽ നടപടി ഒന്നും ഉണ്ടായില്ല. തിരുന്നാൾ ആഘോഷം കാണാൻ എത്തിയതാണെന്ന് വ്യക്തമാക്കിയ സംഘത്തിന്റെ രേഖകൾ തൃശൂർ റെയിൽവേ പൊലീസും ലോക്കൽ പൊലീസും ചേർന്ന് പരിശോധിച്ചു. തിരിച്ചറിയൽ കാർഡും തിരിച്ചുപോകുന്നതിനുള്ള റെയിൽവേ ടിക്കറ്റും ഉണ്ടായിരുന്നു. ഒരു മണിക്കൂറിൽ അധികം നീണ്ട പരിശോധനയ്ക്ക് ശേഷം സംഘത്തെ പൊലീസ് പോകാൻ അനുവദിച്ചു...