തൃശൂർ: കടുത്തചൂടിൽ തീപിടിത്തം നിയന്ത്രണാതീതമാകുമ്പോൾ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഇടപെടലുകളിലൂടെയുള്ള മുൻകരുതലും തീയണയ്ക്കൽ പ്രവർത്തനങ്ങളും ശക്തമാക്കി അഗ്‌നിശമന സേന. ബോധവത്കരണ ക്‌ളാസുകളിലൂടെയും പ്രായാേഗിക പരിശീലനങ്ങളിലൂടെയുമാണ് സ്വയം രക്ഷയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സേന വഴിയൊരുക്കുന്നത്. സിവിൽ ഡിഫൻസ് പദ്ധതിയിലൂടെ ഓരോ സ്റ്റേഷനുകളിലും 50 പേർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകും. സ്റ്റേഷൻ തലത്തിൽ പൂർത്തിയായാൽ ജില്ല, സംസ്ഥാന തലത്തിൽ പരിശീലനം തുടങ്ങും. ജില്ലയിൽ ഫ്‌ളാറ്റുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ഹൈഡ്രന്റ് വാൽവ് ഫയർ സിസ്റ്റം ഇൻസ്റ്റലേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഫയർ സിസ്റ്റത്തിന്റെ ഉപയോഗത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമുള്ള നടപടികളും നടക്കുന്നുണ്ട്.

കോളുകളിൽ മുന്നിൽ തൃശൂർ

സംസ്ഥാനത്ത് കൂടുതൽ ഫോൺ കോളുകൾ എത്തുന്ന ഫയർ സ്റ്റേഷനുകളിൽ രണ്ടാമതാണ് തൃശൂർ. സ്റ്റേഷന്റെ വിസ്തൃതിയാണ് പ്രധാനകാരണം. തിരുവനന്തപുരം ചെങ്കൽച്ചൂളയാണ് മുന്നിൽ.

2019 ൽ ഫോൺകോൾ: 919

വിസ്തീർണ്ണം: 350 സ്‌ക്വയർ കി.മീ

അതിർത്തികൾ :

വടക്ക്: അത്താണി

തെക്ക്: മരത്താക്കര

കിഴക്ക്: കുതിരാൻ, മൂർക്കനിക്കര

പടിഞ്ഞാറ്: പെരിങ്ങോട്ടുകര, മണലൂർ, മുണ്ടൂർ,

പൊതുജനങ്ങൾക്ക്

ലക്ഷ്യം: സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉൾപ്പെടുത്തിയുളള സിവിൽ ഡിഫൻസ് വളണ്ടിയർ സംവിധാനം വഴി, യഥാസമയത്തെ ഇടപെടൽ കൊണ്ട് ജീവൻ രക്ഷിക്കുകയും സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുകയും ചെയ്യുക.

നേതൃത്വം:

ജില്ലാ കളക്ടർ ജില്ലാ തലത്തിൽ സേനയെ നിയന്ത്രിക്കും

സിവിൽ ഡിഫൻസ് പദ്ധതിയിലൂടെ റീജ്യണൽ ഫയർ ഓഫീസറും ജില്ലാ ഫയർ ഓഫീസർമാരും പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.

സ്‌കൂൾ വിദ്യാർത്ഥികൾക്ക്

ലക്ഷ്യം: അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കി രക്ഷാപ്രവർത്തനങ്ങളിൽ സജ്ജരാക്കുക.

സവിശേഷതകൾ

*'ക്ലാസിഫിക്കേഷൻ ഒഫ് ഫയർ' വിഷയത്തെ ആധാരമാക്കി വിഷയം വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായി അവതരിപ്പിക്കൽ.

*തീ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ, നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ, തീയണയ്ക്കുന്നതിനുളള ഉപകരണങ്ങൾ എന്നിവയിൽ പരിശീലനം.

*അടിയന്തര പ്രാഥമിക ചികിത്സ, ഇലക്ട്രിസിറ്റി ഫയർ, ഗ്യാസ് ലക്കേജ് തുടങ്ങിയ സാഹചര്യങ്ങളിലെ പ്രതിരോധ പ്രവർത്തനം

'' സിവിൽ ഡിഫൻസ്, സ്റ്റേഷൻ തലത്തിൽ ഫലപ്രദമായി നടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്ത് നീന്തൽ പരിശീലനം അടക്കം നൽകി സ്വയംരക്ഷയ്ക്ക് പ്രാപ്തരാക്കാനും രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകാനുമാണ് അടുത്ത ശ്രമം. ''

കെ.യു വിജയ് കൃഷ്ണ, ജില്ലാ സ്റ്റേഷൻ ഓഫീസർ