അന്തിക്കാട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗുണ്ടാ സംഘത്തിൽപെട്ട രണ്ട് പേരെ കാറു കൊണ്ട് ഇടിച്ചു വീഴ്ത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. മുറ്റിച്ചൂർ സ്വദേശികളായ പേരോത്ത് ധനേഷ് (34), പള്ളിയിൽ സനൽ (22) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും പെരിങ്ങോട്ടുകര സർവതോ ഭദ്രം ആംബുലൻസ് പ്രവർത്തകർ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 8.30 ഓടെ പുത്തൻപീടിക കൈതമുക്കിനു സമീപമായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് സൂചന. നേരത്തെ ധനേഷിന്റെ നേതൃത്വത്തിൽ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നാണ് സംശയം.
ആക്രമണത്തിനു ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. പ്രതികൾ എത്തിയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. വെട്ടേറ്റ ധനേഷും സനലും ഒട്ടേറെ കേസുകളിലെ പ്രതിയാണ്. സംഭവ സ്ഥലത്ത് അന്തിക്കാട് സി.ഐ പി.കെ മനോജ് കുമാർ, എസ്.ഐ കെ.ജെ. ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തി...