എരുമപ്പെട്ടി: പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ വലിച്ചുകീറി കളഞ്ഞ് ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി. എരുമപ്പെട്ടി പഞ്ചായത്തിലെ പതിയാരത്താണ് സ്വകാര്യ വ്യക്തി ഭൂമി മണ്ണിട്ട് നികത്തുന്നത്. സമീപവാസിയായ ആളൂർ വീട്ടിൽ എബി ഇതിനെതിരെ പരാതിയുമായി രംഗത്തുണ്ട്. എബിയുടെ വീടിനോട് ചേർന്ന് ഏകദേശം അഞ്ച് അടിയിലധികം ഉയരത്തിലാണ് മണ്ണടിച്ചിരിക്കുന്നത്.
വെട്ടുകല്ല് ഉപയോഗിച്ച് മതിൽ കെട്ടിയിട്ടുണ്ടെങ്കിലും ഉറപ്പ് കുറവായതിനാൽ ഇത് മണ്ണ് തള്ളി തകർന്ന് വീഴാറായ അവസ്ഥയിലാണ്. പൊടിയടിച്ച് എബിയുടെ പ്രായമായ മാതാവിന് ശ്വാസതടസം അനുഭവപ്പെടുന്നതായും പറയുന്നു. ഇതിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയതിനെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയപ്പോൾ സ്ഥലമുടമ ഇത് കൈപറ്റാൻ തയ്യാറായില്ല.
തുടർന്ന് പറമ്പിലെ മതിലിൽ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ പതിച്ചു. എന്നാൽ ഇത് കീറിയെറിഞ്ഞ് വീണ്ടും മണ്ണടിക്കൽ തുടരുകയാണെന്ന് എബി പറയുന്നു. വില്ലേജിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അതേസമയം അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.