തൃശൂർ: എൻഡോസൾഫാൻ ബാധിതരോട് സർക്കാർ ചെയ്തത് ഹിറ്റ്‌ലറിനേക്കാൾ വലിയ ക്രൂരതയാണെന്ന് സാമൂഹിക പ്രവർത്തക ദയാ ബായ്. എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് അവർ തൃശൂരിലെത്തിയത്. 2019ൽ പട്ടിണി സമരത്തിന്റെ ഭാഗമായി സമരക്കാർ സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കണമെന്നാണ് ആവശ്യം. ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ 1,542 പേരെ രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുക, കാസർകോട് ജില്ലയിൽ വിദഗ്ദ്ധ ചികിത്സയ്ക്കാവശ്യമായ സംവിധാനം ഒരുക്കുക, സുപ്രീംകോടതി വിധിയനുസരിച്ചുള്ള അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. നിരോധിച്ച കാലത്ത് നെഞ്ചംപറമ്പിലെ കേരള പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടത്തിൽ കിണറിലിട്ട് മൂടിയ എൻഡോസൾഫാൻ തിരിച്ചെടുത്ത് പരിശോധിക്കുമെന്ന തീരുമാനവും നടപ്പായില്ല. എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തെ പുച്ഛത്തോടെ വീക്ഷിക്കുകയും തങ്ങളെ അപമാനിക്കുകയും ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരും കാസർകോട് ഉള്ളതായും ദയാബായ് ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി തൃശൂർ കോ-ഓർഡിനേറ്റർ ജോസ് ചാലക്കുടിയും പങ്കെടുത്തു.