കൊടുങ്ങല്ലൂർ: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് നഗരസഭയിലെ ദേശീയപാതയും സംസ്ഥാന പാതയും ജനപങ്കാളിത്തത്തോടെ വൃത്തിയാക്കുന്ന പ്രവർത്തനം തുടങ്ങി. രണ്ടു ദിവസങ്ങളിലായാണ് മെഗാ ക്ളീനിംഗ് ഡ്രൈവ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടപ്പുറം - ചന്തപ്പുര ബൈപാസിന്റെ ഇരുവശങ്ങളിലും വലിച്ചെറിയപ്പെട്ട മാലിന്യക്കൂമ്പാരങ്ങളും തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി പ്ലാസ്റ്റിക് ചാക്കുകളിലും മറ്റുമായി തള്ളിയിട്ടുള്ള മാലിന്യങ്ങളും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
ഹെൽത്ത് സൂപർവൈസർ കെ.വി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴ് ഹെൽത്ത് ഇൻസ്പെക്ടർമാർ, 67 ഹരിത കർമ്മ സേനാംഗങ്ങൾ, ഇരുപതോളം തൊഴിലാളികൾ, ഡ്രൈവർമാർ ഉൾപ്പെടെ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മെഗാ ക്ളീനിംഗ് നടത്തുന്നത്. കരൂപ്പടന്ന പാലത്തിന് സമീപത്ത് നിന്നാരംഭിച്ച മെഗാ ക്ലീനിംഗ് ഡ്രൈവ് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, സി.കെ രാമനാഥൻ, പി.എൻ രാമദാസ്, കൗൺസിലർമാരായ വിനീത, ഇ.സി അശോകൻ, കവിത എന്നിവർ പ്രസംഗിച്ചു. ശുചീകരണം നാളെയും തുടരും. ശേഖരിച്ച മാലിന്യം ശുചിത്വമിഷന് കൈമാറുമെന്ന് ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. മാലിന്യം റോഡിലേക്കിടുന്ന കെട്ടിട ഉടമകൾക്ക് 10,000 രൂപ വീതം പിഴയടക്കാൻ നോട്ടീസ് നൽകിയതായും ഇക്കാര്യത്തിൽ മുഖം നോക്കാതെ കർശന നിലപാടെടുക്കുമെന്നും ചെയർമാൻ വ്യക്തമാക്കി...