തൃശൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏഴുപേർ നിരീക്ഷണത്തിൽ. ചൈനയിൽ നിന്നും തിരിച്ചെത്തിയ ഏഴ് പേരാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇവരിൽ ആർക്കും നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിശ്രമമാണ് ഇവരോട് നിർദ്ദേശിച്ചിട്ടുളളത്. വൈറസ് ബാധ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാൽ ആരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല. എന്നാൽ ഏഴുപേരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. 14 ദിവസം നിരീക്ഷണം തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ റീന പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കൃത്യമായ നിരീക്ഷണമാണ് ഏർെപ്പടുത്തിയിട്ടുള്ളതെന്നും ഇവർ വ്യക്തമാക്കി. ഒപ്പം വീട്ടുകാർക്ക് മാർഗനിർദ്ദേശവും നൽകിയിട്ടുണ്ട്. വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നും തന്നെ നിരീക്ഷിക്കുന്നുണ്ട്. ഒപ്പം ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ ജില്ല ആരോഗ്യ വിഭാഗത്തിന് കൈമാറുന്നുമുണ്ട്.