തൃശൂർ : സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്തെ പ്രവാസി ഭാരതീയർ അവരുടെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസം ഉൾക്കൊള്ളുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷൻ വാർഡിലെ വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കമ്മിഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസു പൂർത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ. കമ്മിഷന്റെ www.lsgelection.kerala.gov.in വെബ് സൈറ്റിൽ ഫോറം 4 എ യിൽ ഓൺലൈനായി വിവരങ്ങൾ നൽകി അവയുടെ പ്രിന്റ് എടുത്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ അയയ്‌ക്കേണ്ടതാണ്. അപേക്ഷയിൽ നൽകുന്ന പാസ്‌പോർട്ടിലെ വിവരങ്ങളുടെയും വിസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പ്രസക്ത പേജുകളുടെയും പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയക്കേണ്ടതാണ്.

പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് വേണം അപേക്ഷ നൽകേണ്ടത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. പേരു ചേർക്കപ്പെടുന്നവർക്ക് പോളിംഗ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പാസ്‌പോർട്ട് ഹാജരാക്കുന്ന പക്ഷം വോട്ടു ചെയ്യാം..