പുതുക്കാട്: പാലീയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് ട്രാക്കിലൂടെ പോയ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ജീവനക്കാരുടെ ക്രൂര മർദ്ദനം. നെന്മണിക്കര വെളിയത്തുപറമ്പിൽ വിമൽ, ഭാര്യ തനൂജ എന്നിവരെയാണ് ജീവനക്കാർ ആക്രമിച്ചത്. വിമലിന്റെ മൂക്കിന് സാരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. ഫാസ് ടാഗ് ട്രാക്കിൽ വാഹനങ്ങളില്ലാതായതോടെ ക്യൂവിൽ വിമലിന്റെ മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾ അതുവഴി പോയി. ഇവർക്ക് പിന്നാലെ വിമൽ പോയപ്പോഴാണ് ജീവനക്കാരൻ സ്‌കൂട്ടർ പിടിച്ചു നിറുത്താൻ ശ്രമിച്ചത്. അതിനിടെ തനൂജയെ കടന്ന് പിടിച്ചെന്നും അസഭ്യം പറഞ്ഞെന്നും വിമൽ ആരോപിച്ചു. സ്‌കൂട്ടർ നിറുത്തി ജീവനക്കാരനെ ശകാരിക്കുന്നതിനിടെയാണ് മറ്റുള്ളവരെത്തി വിമലിനെയും ഭാര്യയെയും മർദ്ദിച്ചത്. ഓടിക്കൂടിയ മറ്റ് യാത്രക്കാരാണ് ഇരുവരെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം വിമൽ മർദ്ദിച്ചെന്നാരോപിച്ച് ടോൾ പ്ലാസ ജീവനക്കാരനായ എങ്ങണ്ടിയൂർ സ്വദേശി പ്രസന്നനും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മെഡിക്കൽ റെപ്രസെന്റേറ്റീവായ വിമൽ നടത്തറ പഞ്ചായത്തിലെ വി.ഇ.ഒ ആയ തനൂജയെ ഓഫീസിൽ കൊണ്ടാക്കാൻ പോകുകയായിരുന്നു. പുതുക്കാട് പൊലീസെത്തി ഇരുവരുടെയും മൊഴിയെടുത്തു. തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും മർദിച്ചെന്നും കാണിച്ച് തനൂജ ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നൽകി.