puthukkavu-thaoappoli
കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്

കൊടകര: പുത്തുക്കാവ് ദേവീക്ഷേത്രം താലപ്പൊലി ഉത്സവം കാവിൽ ദേശത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. 4.30ന് നിർമാല്യ ദർശനത്തോടെ താലപ്പൊലി ഉത്സവത്തിന് തുടക്കമായി. തുടർന്ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഓട്ടൻതുള്ളൽ, കാഴ്ചശീവേലി, പഞ്ചവാദ്യം, ചുറ്റുവിളക്ക്, ദീപാരാധന എന്നിവയുണ്ടായി. താലം വരവിൽ കുടുംബി സമുദായം, കരുവാൻ വിഷ്ണുമായ കുടുംബക്ഷേത്രം, മരത്തോംപിള്ളി സെറ്റ്, പുത്തുക്കാവ് ജംഗ്ഷൻ താലി സമർപ്പണ സംഘം എന്നിവർ പങ്കെടുത്തു.

മണ്ഡപത്തിൽ ബ്രാഹ്മണി പാട്ട്, ജടാ മകുടം നാടകം എന്നിവയുണ്ടായി. തുടർന്ന് പുലയ സമുദായത്തിന്റെ കാളകളി, ആശാരി സമുദായത്തിന്റെ തട്ടിൻമേൽ കളി, സാംബവ സമുദായക്കാരുടെ ദാരികൻ കാളി നൃത്തം, തട്ടാന്മാരുടെ താലി വരവ്, പാരമ്പര്യ അനുഷ്ഠാന കലകൾ എന്നിവ ഉണ്ടായി. എഴുന്നള്ളിപ്പിന് ഏഴ് ആനകൾ അണിനിരന്നു. കോങ്ങാട്ട് കുട്ടിശങ്കരൻ തിടമ്പേറ്റി. തന്ത്രിമാരായ അഴകത്ത് മനക്കൽ ത്രിവിക്രമൻ നമ്പൂതിരി, ഹരിദത്തൻ നമ്പൂതിരി, മേൽശാന്തി ഹരികൃഷ്ണൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.