തൃശൂർ : ദേശീയപാത 544 വടക്കഞ്ചേരി - മണ്ണുത്തി ഭാഗത്ത് കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ അണ്ടർഗ്രൗണ്ട് കേബിളിംഗ് നടത്തുന്നതിനാൽ 28, 29 തീയതികളിൽ രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻകരുതൽ സ്വീകരിച്ചതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
എറണാകുളം ജില്ലയിൽ നിന്നുള്ള ഓയിൽ ടാങ്കറുകൾ, ട്രെയിലർ വാഹനം എന്നിവയുടെ ഉടമകളുടെ യോഗം വിളിച്ച് ഈ ദിവസങ്ങളിൽ കുതിരാൻ മേഖലയിലൂടെ ഗതാഗതം ഒഴിവാക്കാൻ നിർദ്ദേശം നൽകണമെന്ന് എറണാകുളം ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഗതാഗത ക്രമീകരണം അറിയാതെ വരുന്ന ഹെവി വാഹനങ്ങളെ എറണാകുളം ജില്ലയുടെ പരിധിയിൽ തന്നെ തടയുന്നതിന് നിർദ്ദേശം നൽകാനും ആവശ്യപ്പെട്ടു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ് ഉമാദേവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിത, തൃശൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ആദിത്യ, പവർഗ്രിഡ് കോർപറേഷൻ സി.ജി.എം പി. ജയചന്ദ്രൻ, ഡി.ജി.എം അജിത് ജോൺ, ജി.എം. എസ്. മോഹൻകുമാർ, കെ.എം.സി.സി.എൽ ടെൽ സീനിയർ പ്രൊജക്ട് മാനേജർ സതീഷ് ചന്ദ്ര റെഡ്ഡി, ഫയർ ആൻഡ് സേഫ്റ്റി സ്റ്റേഷൻ ഓഫീസർ കെ.യു. വിജയ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
തുരങ്കത്തിൽ സുരക്ഷ ഏർപ്പെടുത്തും
പാലക്കാട് നിന്നുള്ള ചെറിയ ചരക്കു വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും മാത്രം ഒരു വശത്തേക്ക് കടന്നു പോകുന്നതിന് കുതിരാൻ തുരങ്കം ഉപയോഗിക്കാൻ സർക്കാറിന്റെ അനുമതി ലഭിച്ചു. തുരങ്കത്തിൽ വെളിച്ചം, ശുദ്ധവായു ലഭ്യമാക്കുന്നതിനും അശുദ്ധവായു പുറത്തുകളയുന്നതിനുമുള്ള ബ്ലോവർ, അഗ്‌നിശമന സംവിധാനം എന്നിവ ഏർപ്പെടുത്തും. ഇതിനായി നിർമ്മാണ കമ്പനിയുടെ വിദഗ്ദ്ധർ ഇന്ന് ജില്ലയിലെത്തും. തിങ്കളാഴ്ചയോടെ ബ്ലോവറും വെളിച്ചവും പൂർത്തീകരിക്കും. അഗ്‌നിശമന സേനയുടെ വാഹനം ഇരുവശത്തും സജ്ജമാക്കി നിറുത്തും. ഒരു ദിശയിലേക്ക് മാത്രം തുരങ്കത്തിലൂടെ ഗതാഗതത്തിനാണ് അനുമതി.
യാത്രാ കാറുകൾക്കും അനുമതി തേടി
യാത്രാ കാറുകൾ കൂടി തുരങ്കത്തിലൂടെ കടത്തിവിടാൻ സർക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്. തുരങ്കത്തിലൂടെയുള്ള ഗതാഗതം നിരന്തരമായി പരിശോധിക്കാൻ പൊലീസ് പട്രോളിംഗ് ഉണ്ടാവും. തുരങ്കത്തിൽ വണ്ടി നിറുത്താനോ ഓവർ ടേക്കിംഗോ അനുവദിക്കില്ല.
(എസ്. ഷാനവാസ് , കളക്ടർ)
ഗതാഗത നിയന്ത്രണത്തിന് 350 പൊലിസുകാർ
ഗതാഗത നിയന്ത്രണത്തിന് 350 ഓളം പൊലിസ് ഉദ്യോഗസ്ഥരെയും 250 ഓളം മറ്റ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പാണഞ്ചേരി പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറക്കും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കും. അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാപിക്കലിന്റെ പ്രവൃത്തി ജനുവരി 30ന് അവലോകനം ചെയ്ത ശേഷം തുടർ തീരുമാനം എടുക്കും. തുരങ്ക നിർമ്മാണം പൂർത്തിയാക്കുന്നതിന്റെ വർക് ഷെഡ്യൂൾ നൽകാമെന്ന് നിർമ്മാണ കമ്പനി അറിയിച്ചു.
ഗതാഗത നിയന്ത്രണം ഇങ്ങനെ
പാലക്കാട് നിന്ന് കുതിരാൻ വഴി തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെടാതിരിക്കുന്നതിനും എറണാകുളം, തൃശൂർ ഭാഗത്തു നിന്ന് കുതിരാൻ വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ നിയന്ത്രിക്കുന്നതിനുമാണ് തീരുമാനം. എറണാകുളം ഭാഗത്തു നിന്ന് കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങളുടെ ഗതാഗതം ചേലക്കര, പഴയന്നൂർ, ആലത്തൂർ വഴി തിരിച്ചുവിടും.