തൃശൂർ: ദേശീയ ഐ ലീഗ് രണ്ടാം ഡിവിഷൻ ഫുട്‌ബാൾ മത്സരങ്ങൾക്ക് ഇന്ന് തൃശൂരിൽ തുടക്കമാകും. ഇന്ന് 3.15ന് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസർവ് ടീം എഫ്‌.സി കേരളയെ നേരിടും. തൃശൂർ കോർപറേഷൻ സ്‌റ്റേഡിയമാണ് എഫ്‌.സി കേരളയുടെ ഹോം ഗ്രൗണ്ട്. ഹോം, എവേ അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ഗ്രൂപ്പ് സിയിൽ ഐ.എസ്.എൽ റിസർവ് ടീമുകളായ കേരള ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌.സി, എഫ്‌.സി ഗോവ തുടങ്ങിയ ടീമുകൾക്ക് പുറമേ എഫ്‌.സി ബാംഗ്ളൂർ യുണൈറ്റഡ്, എ.ആർ.എ എഫ്‌.സി അഹമ്മദാബാദ് തുടങ്ങിയ ടീമുകളാണ് എഫ്‌.സി കേരളയുടെ ഗ്രൂപ്പിലുള്ളത്.

തുടർന്നുള്ള ഹോം മത്സരങ്ങൾ ഫെബ്രുവരി 12ന് എഫ്‌.സി ഗോവയുമായും, മാർച്ച് 14ന് മുംബൈ സിറ്റി എഫ്‌.സിയുമായും, മാർച്ച് ആറിന് എ.ആർ.എ എഫ്‌.സി അഹമ്മദാബാദുമായും, മാർച്ച് 30ന് എഫ്‌.സി ബാംഗ്ളൂർ യുണൈറ്റഡുമായും തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കും. പത്രസമ്മേളനത്തിൽ എഫ്‌.സി കേരള ഡയറക്ടർ കെ.പി സണ്ണി, കെ. നവാസ്, ടി.എം രാമചന്ദ്രൻ, ടി.ജി പുരുഷോത്തമൻ, ഡേവിസ് മൂക്കൻ എന്നിവർ പങ്കെടുത്തു.