തൃശൂർ : അടിച്ചമർത്തപ്പെട്ട സ്ത്രീ സമൂഹത്തിന്റെ അവസ്ഥകൾ തുറന്നുകാട്ടി ബാംഗ്ലൂരിലെ സാൻഡ് ബോക്‌സ് കളക്ടീവ്. തിരക്കഥ, സംവിധാനം, അവതരണം എന്നീ മേഖലകളിൽ തന്റേതായ മികച്ച പ്രകടനമാണ് ദീപിക അരവിന്ദ് കാണികൾക്കായി ഒരുക്കിയത്. ജനിച്ച നാൾ മുതൽ പുരുഷനെ നോക്കിക്കണ്ട രീതി അവർ പറയുന്നുണ്ട്. പുരുഷന്റെ ശാരിരീക വളർച്ച കണ്ടും തലപ്പാവിന്റെ പ്രൗഢി കണ്ടും ചെറുപ്പത്തിൽ അന്ധാളിച്ചു നിന്നപ്പോൾ ആ രീതിയിലേക്ക് എങ്ങനെ എത്തിച്ചേരാൻ സാധിക്കുമെന്ന് അവർ ഒരുപാട് ചിന്തിച്ചിരുന്നു.

കാലം പിന്നിട്ട് പോകുന്തോറും സ്ത്രീയോടുള്ള പുരുഷന്റെ സമീപനം താൻ എങ്ങനെയൊക്കെ അനുഭവിച്ചുവെന്ന് സംസാരത്തിലൂടെയും ആംഗ്യത്തിലൂടെയും തുറന്നു കാട്ടുകയായിരുന്നു അവർ. ബാംഗ്ലൂർ ഒരു വികാരമാണ്. അവിടെ ഒരു സ്ത്രീ അവളുടെതായ താൽപര്യങ്ങളിൽ ജീവിച്ചു പോകുന്നു. എന്നാൽ ഒരു ചടങ്ങിൽ കണ്ട രാഹുൽ എന്ന വ്യക്തിയുമായി ഇഷ്ടത്തിലായ അവർ സ്ത്രീകളോടുള്ള പുരുഷന്റെ സമീപനം എങ്ങനെയൊക്കെയാണെന്ന് മനസിലാക്കുന്നു.

സ്ത്രീ ദുർബലയാണെന്ന ചിന്തയിൽ അവർക്കായൊരു സംരക്ഷണ മനോഭാവം പുരുഷൻ കൊണ്ടു നടക്കുന്നുണ്ട്. ആ വികാരം വളർത്തുന്നത് കൊണ്ടുതന്നെ അവളുടെ പ്രതികരണങ്ങളെ അയാൾ പൂച്ചയുടെ പ്രകടനമായി കാണുന്നു. സഹസ്ത്രീകളുടെ ശബ്ദങ്ങൾ നിരസിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അടുത്തിരിക്കുന്നു. ഇന്ത്യയിൽ സ്ത്രീകളോടുള്ള സമീപനം കൂടുതൽ ചർച്ചാ വിഷയമാകുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിനു നൽകുന്ന ഒരു നല്ല സന്ദേശമാണ് 'നൊ റെസ്റ്റ് ഇൻ ദി കിംഗ്ഡം' പങ്കുവെച്ചത്.