ചാവക്കാട്: തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിൽ മകരപ്പത്ത് ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തി, ക്ഷേത്രം മേൽശാന്തി സ്വാമി മുനീന്ദ്ര നന്ദ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുവത്ര ശിവക്ഷേത്രത്തിൽ നിന്ന് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിപ്പ് വാദ്യാഘോഷത്തോടെ ക്ഷേത്രത്തിൽ എത്തി. പൂത്താലവും ഉണ്ടായി. ഉച്ചയ്ക്ക് രണ്ടിന് ഭഗവതിയുടെ തിടമ്പ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ചു.
ശിവസംഘം അയോദ്ധ്യനഗർ, ദൃശ്യ തിരുവത്ര, നവയുവ തിരുവത്ര, കളംപാട്ട് ട്രസ്റ്റ് തിരുവത്ര തുടങ്ങിയവയുടെ ആഘോഷങ്ങൾ ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. വർണക്കാവടികൾ, തെയ്യം തിറ, പൂതം നാടൻകലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി. രാത്രിയിൽ താലംവരവും ഉണ്ടായി.
ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് ചക്കരാത്ത് സുകുമാരൻ, സെക്രട്ടറി എം.എസ്. വേലായുധൻ, ട്രഷറർ എം.ഡി. പ്രകാശൻ, എം.എസ്. ശ്രീവത്സൻ മാസ്റ്റർ, കണ്ടമ്പുള്ളി ഗോപി, പൊന്നരാശ്ശേരി മുകുന്ദൻ, മത്രം കോട്ട് അഖിലൻ, മത്രം കോട്ട് ധർമ്മൻ, എം.എം. വാസു, എം.കെ. തിലക് രാജ്, കൂർക്കപറമ്പിൽ പരമൻ, നടുവിൽ പുരയ്ക്കൽ ഭാസ്‌കരൻ എന്നിവർ നേതൃത്വം നൽകി.