ചാവക്കാട്: എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു. മണത്തല പനന്തറയിൽ ഷാമിലയുടെ മകൾ അഞ്ചാം ക്ലാസുകാരിയായ യുസറക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണത്തിനായി സ്‌കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടിയുടെ ഇടതു കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്താണ് കടിയേറ്റിട്ടുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ അദ്ധ്യാപകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രഥമ ശുശ്രൂഷകൾക്കു ശേഷം കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർത്ഥി പാമ്പിനെ കാണുകയോ പാമ്പ് കടിച്ചതായി പറയുകയോ ചെയ്തിട്ടില്ല. മലങ്കര ആശുപത്രിയിൽ നിരീക്ഷണത്തിനായി വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള വിദ്യാർത്ഥിക്ക് വിഷമേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ ഡിസ്ചാർജ് ചെയ്തു.