കൊടുങ്ങല്ലൂർ: താലൂക്കാശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ തയ്യൽതൊഴിലാളിക്ക് നാല് വർഷം നീണ്ട ദുരിതപർവത്തിൽ നിന്നും മോചനം. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കുളങ്ങര പ്രദീപ് കുമാറിനാണ് ( 42 ) നാല് വർഷമായി തുടരുന്ന മൂക്കിനകത്തെ അസ്വസ്ഥതയ്ക്ക് ശമനം കിട്ടിയത്. ഇ.എൻ.ടി സ്പെഷ്യലിസ് ഡോ.ദിജുപ്രഭാകരന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഒന്നര സെന്റിമീറ്ററോളം വലുപ്പമുള്ള കല്ല് പോലുള്ള വസ്തുവാണ് നീക്കം ചെയ്തത്. മൂക്കിനകത്തെ പഴുപ്പ്, അതുണ്ടാക്കുന്ന ദുർഗ്ഗന്ധം, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾക്കും പരിഹാരമായി. നിരവധി സ്വകാര്യ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റുകളെ ചികിത്സയ്ക്കായി ഇക്കാലത്തിനിടയ്ക്ക് സമീപിച്ചിരുന്നു. ഇന്നലെ താക്കോൽദ്വാര ശസ്ത്രക്രിയ നിശ്ചയിക്കുകയും വിജയകരമായ ശസ്ത്രക്രിയയിലൂടെ ഈ കല്ല് പുറത്തെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി താലൂക്ക് ആശുപത്രിയിൽ എൻ.എച്ച്.എം വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ദിജു, സീനിയർ അഭിഭാഷകരിലൊരാളായ അഡ്വ. ടി.കെ. പ്രഭാകരന്റെ മകനാണ്. സഹോദരൻ ഡോ. സന്ദീപ് പ്രഭാകരൻ യൂറോളജിസ്റ്റാണ്.