തൃശൂർ : കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹി ലിസ്റ്റിൽ സ്ഥാനം ലഭിക്കാത്തവരിൽ അമർഷം മുറുകുന്നു. ജില്ലയിൽ നിന്ന് ആകെ മൂന്ന് പേർക്കാണ് പട്ടികയിൽ ഇടം നേടാനായത്. ഇനി വരാനുള്ളത് പ്രധാനമായും സെക്രട്ടറിമാരുടെ ലിസ്റ്റാണ്. ഇതിൽ എത്ര പേർക്ക് സ്ഥാനം കിട്ടുമെന്ന ആശങ്കയുമുണ്ട്.

നേരത്തെ കെ.പി.സി.സിയുടെ പട്ടിക കൊടുത്തപ്പോൾ തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് പല നേതാക്കളും സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ലിസ്റ്റ് പുറത്തു വന്നതോടെ ഇവർ ആരും തന്നെ പട്ടികയിൽ ഇടം നേടിയില്ല. അടുത്ത ലിസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും നീണ്ടു പോകുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനവും പ്രഖ്യാപിച്ചിട്ടില്ല. എം.പി വിൻസന്റിന്റെ പേരിനാണ് മുൻതൂക്കമെങ്കിലും പ്രഖ്യാപനം നീളുന്നതിനാൽ അണിയറ നീക്കം ഇപ്പോഴും സജീവമാണ്. വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻ കുട്ടി, ട്രഷറർ കെ.കെ കൊച്ചുമുഹമ്മദ് എന്നിവരാണ് കെ.പി.സി.സി ലിസ്റ്റിൽ ഇടം പിടിച്ചവർ. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്‌സണ് പോലും സ്ഥാനം ലഭിച്ചിട്ടില്ല. എതാനും ദിവസം മുമ്പ് അന്തരിച്ച അഡ്വ. വി. ബാലറാം ജനറൽ സെക്രട്ടറിയായിരുന്നു. ഈ ഒഴിവിലേക്ക് പോലും മറ്റൊരാളെത്തിയിട്ടില്ല. നിലവിൽ സെക്രട്ടറിമാരായിരുന്ന പലരും ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഇതിന് പുറമെ യുവനേതാക്കളും ചരടുവലി നടത്തിയിരുന്നു. ആദ്യ ലിസ്റ്റിൽ സ്ഥാനം ലഭിക്കാത്തവർ രണ്ടാം പട്ടികയിൽ കയറിക്കൂടാനുള്ള തിരക്കിട്ട ശ്രമം തുടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് സ്വാധീനമുള്ള നേതാക്കളെ കണ്ട് സമ്മർദ്ദം ചെലുത്തുകയാണ് പലരും ചെയ്യുന്നത്.