തൃശൂർ : മനുഷ്യത്വ വിരുദ്ധമായ നഗരവികസന പദ്ധതികൾക്കെതിരെ, സാധാരണക്കാർ നടത്തുന്ന ചെറുത്തു നില്പിന്റെ ദൃശ്യാവിഷ്‌കാരമാണ് അരുൺ ലാലിന്റെ സംവിധാനത്തിൽ ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയേറ്റർ അവതരിപ്പിക്കുന്ന 'ചില്ലറസമരം'. അധികാര വൃത്തങ്ങളുടെ ആസൂത്രണ പ്രകാരം എണ്ണമറ്റ സമുച്ചയങ്ങളാണ് ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ കടന്നുകയറ്റം മൂലം കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകളെല്ലാം നിലംപൊത്തിയ സാഹചര്യമാണ് നമുക്ക് ചുറ്റും. നോട്ട് നിരോധനം പോലെയുള്ള സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ അധികാര വ്യവസ്ഥിതികൾക്കെതിരെയുള്ള സാധാരണക്കാരന്റെ പോരാട്ടമാണ് ഈ നാടകം. രംഗോത്സവ ബാംഗ്ലൂർ, ഐപാർ ഫെസ്റ്റിവൽ, കേരള സർക്കാർ നടത്തിയ പി.ആർ.ഡി ദേശീയ നാടകമേള തുടങ്ങി നിരവധി വേദികളിൽ കൈയടി നേടിയ നാടകമാണിത്. മെറ്റാ ഫെസ്റ്റിവൽ 2019 ൽ രണ്ട് അവാർഡുകൾ നേടുകയും ചെയ്തു.
എം. പി രാജേഷിന്റെ രചനയിൽ ഒരുക്കിയ നാടകത്തിൽ നാണയം ഉന്മൂലനം ചെയ്യാനുള്ള അധികാരികളുടെ നടപടികളെ സാധാരണക്കാർ എങ്ങനെ നേരിടുന്നുവെന്ന് ചർച്ച ചെയ്യുന്നു. സാധാരണക്കാരായ ചില്ലറയുടെ ചരിത്രപരമായ സമരം ഇവിടെ ആരംഭിക്കുകയാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയവും, സമൂഹിക ചുറ്റുപാടുകളും എടുത്തു കാണിക്കുന്ന 'ചില്ലറസമരം' ഇന്ന് വൈകീട്ട് നാലിന് കെ.ടി മുഹമ്മദ് റീജിയണൽ തിയേറ്ററിൽ അവതരിപ്പിക്കും...