തൃശൂർ: പൂത്തുലഞ്ഞ് നിൽക്കുന്ന ഉദ്യാനക്കാഴ്ച്ചയിൽ മനം നിറഞ്ഞ് ആയിരങ്ങൾ. റോസയും ജമന്തിയും മുല്ലയും തുടങ്ങി ഇരുപതിനായിരത്തോളം ചെടികളാണ് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ പുഷ്പോത്സവത്തെ സുഗന്ധപൂരിതമാക്കുന്നത്.
അയ്യായിരം ചതുരശ്ര അടി വിസ്തൃതിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഉദ്യാനക്കാഴ്ച കാണാനും സെൽഫിയെടുക്കാനുമൊക്കെ കുട്ടികൾക്കൊപ്പം മുതിർന്നവരും ഏറെയുണ്ട്. വിങ്കറോസിയ, ഡെയസി, യൂഫോർബിയ, ഇംപേഷ്യസ്, ഗജേനിയ, പോയൻസെറ്റിയ, ഹൈഡ്രാൻബിയ, പെന്റാസ്, സാൽവിയ, പാൻസി, ഫ്‌ളോക്‌സ്, പിനാക്കിൾ, ജെറേനിയം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പൂക്കളും അവയുടെ വൈവിദ്ധ്യ ഇനങ്ങളും കാണാം.
100ൽപരം വിവിധയിനത്തിൽപെട്ട പൂക്കളാണ് ഒരുക്കിയിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കണ്ടുവരുന്ന പൂക്കളാണ് പ്രധാന ആകർഷണം. വിവിധയിനം ഫലസസ്യങ്ങളും ഒരുക്കിയിട്ടുണ്ട്. അമര, നാടൻപയർ, കോളിഫ്‌ളവർ, ഇലഞ്ഞി, നീലവെണ്ട, ഉണ്ട വഴുതന, വെള്ളി വഴുതന, കാബേജ്, പാലക് ചീര, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയിലെ ഫലസസ്യങ്ങളിലെ വ്യത്യസ്ത ഇനങ്ങളും മേളയിലുണ്ട്.
തീർത്തും ജൈവവളം മാത്രം ഉപയോഗിച്ചു വളർത്തിയവയാണ് ഇവ. കാണുക മാത്രമല്ല വിലയ്ക്ക് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ, കർഷകരുടെ ജൈവ നാടൻ വിഭവങ്ങൾ, മധുരപലഹാരങ്ങൾ, ബുക്കുകൾ തുടങ്ങിയ സ്റ്റാളുകളും എക്‌സിബിഷൻ ഹാളിലുണ്ട്. തൃശൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കോർപറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, കാർഷിക സർവകലാശാല, കൃഷി വകുപ്പ്, വെറ്റിനറി സർവകലാശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 2ന് സമാപിക്കും.