kathayachu
എരുമപ്പെട്ടി ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് കത്തയക്കുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ.എൽ.പി സ്കൂളിന് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം നിർമ്മാണം നടത്താതെ ഫണ്ട് തിരിമറി ചെയ്ത സംഭവത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജവഹർ ബാലജനവേദിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മുഖ്യ മന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതി. സ്മാർട്ട് ക്ലാസ് റൂം നിർമ്മിക്കാതെ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച കാഡ്കോ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുക, അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം നിർമ്മിക്കുക എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ജവഹർ ബാലജന വേദി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. ബാലജനവേദി ജില്ലാ കോഡിനേറ്റർ സഫീന അസീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, പി.എസ്. സുനീഷ്, സി.ടി. ഷാജൻ, കെ.എസ്.യു നേതാവ് എം.ജെ. രാഹുൽ, അനിത വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.