വാടാനപ്പിള്ളി: പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ശേഖരം പിടികൂടി. ഒരു രൂപ വിലയ്ക്ക് നിരോധനത്തിന് മുമ്പ് നൽകിയിരുന്ന കവറുകൾ കംപോസ്റ്റബിൾ ബയോ ബാഗ് എന്ന വ്യാജേന 5 രൂപ റീട്ടെയിൽ വില വരുന്ന രീതിയിൽ വ്യാപാരികളെ കബളിപ്പിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് നിരോധിത പ്ലാസ്റ്റിക് കിറ്റുകളാണ് പിടിച്ചെടുത്തത്. വാടാനപ്പിള്ളി സെന്ററിലെ സ്വകാര്യ വ്യാപാരസ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറി 10,000 രൂപ പിഴ ചുമത്തി. ഇനിയുള്ള ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടായിരിക്കുന്നതാണെന്നും അറിയിച്ചു. തെറ്റിദ്ധാരണ സൃഷ്ടിച്ച് വിൽപ്പന നടത്തുന്ന ഇത്തരം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപനം തടയുന്നതിന് പൊതുജനങ്ങളും വ്യാപാര സംഘടനകളും ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി അറിയിച്ചു.