തൃശൂർ: ഫെബ്രുവരി മാസം അവസാനം ജില്ലയിൽ പട്ടയമേള നടത്തുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. 2,300 പട്ടയം തയാറായിട്ടുണ്ട്. വനാവകാശ പട്ടയം കൂടി തയാറായ ശേഷം പട്ടയമേള നടത്തും. എൽ.ടി പട്ടയവിതരണം അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനായി മണ്ഡലം അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നതിന് നിലവിലുള്ള 25,000 അപേക്ഷകളുടെ ഡാറ്റ തയ്യാറാക്കുന്നതിന് എൻ.ഐ.സിയുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ രൂപകൽപ്പന നടത്തുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ എൽ.ആർ അറിയിച്ചു. ഫെബ്രുവരിയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് താലൂക്ക് തലത്തിൽ ഫയൽ അദാലത്തുകൾ നടത്തുമെന്ന് കളക്ടർ അറിയിച്ചു. 2019 ലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ, അപാകതകൾ പരിഹരിച്ച് ജനുവരി 31നകം തീർപ്പുകൽപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മുനിസിപ്പൽ സെക്രട്ടറിമാർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്ക് നൽകിയതായി ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.