തൃശൂർ : ജില്ലയിലെ റവന്യൂ ഓഫീസുകളിലെത്തുന്ന ബധിര, മൂക വിഭാഗങ്ങൾക്കായി ആംഗ്യഭാഷയിൽ ആശയ വിനിമയം നടത്താൻ പരിശീലനം സിദ്ധിച്ച ഒരു ഉദ്യോഗസ്ഥൻ ഇനി മുതൽ ഉണ്ടാകും. ഈ സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ ജില്ലയാണ് തൃശൂർ. ഇതിനായി റവന്യൂ ജീവനക്കാരെ പരിശീലിപ്പിക്കുന്ന ക്യാമ്പിന് ഇന്ന് തുടക്കമാകും. വിദഗ്ദ്ധ പരിശീലനം നൽകിയ ശേഷമാകും ജീവനക്കാരെ സർക്കാർ ഓഫീസുകളിലെ അന്വേഷണ വിഭാഗത്തിൽ നിയോഗിക്കുക. ആശയവിനിമയത്തിലെ തടസം മൂലം ബധിരമൂക വിഭാഗത്തിൽപ്പെടുന്ന പൊതുജനങ്ങൾക്ക് വിവിധ സർക്കാർ ഓഫീസുകളിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടർ എസ്.ഷാനവാസ് ആണ് പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്തത്. ആദ്യ ഘട്ടത്തിൽ ആംഗ്യ ഭാഷാ പരിശീലനം നൽക്കുന്നത് തലപ്പിള്ളി താലൂക്ക്, വില്ലേജ് ഓഫീസുകളിലെ 50 ജീവനക്കാർക്കാണ്. നവധ്വനി ഡയറക്ടർ ഫാ. ബിജു മൂലക്കര ക്ലാസ് നയിക്കും.