പുതുക്കാട്: പാലിയേക്കര ടോളിൽ യാത്രക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് പിന്നിൽ ടോൾ കമ്പനിയുടെ ഗുണ്ടകളാണെന്നും അവർ ജീവനക്കാരാണോ എന്നറിയാൻ നെന്മണിക്കര പഞ്ചായത്ത് അധികൃതർ പ്ലാസയിലെ ജീവനക്കാരുടെ തൊഴിൽ നികുതി അടക്കുന്നവരുടെ പേര് വിവരം പ്രസിദ്ധപ്പെടുത്തണമെന്നും യു.ഡി.എഫ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അതിക്രമത്തിന് നേതൃത്വം നൽകുന്നവരെ ജീവനക്കാരായി കാണിച്ച് പൊലീസിൽ പരാതിപ്പെട്ട് യാത്രക്കാർക്കെതിരെ കേസ് എടുപ്പിക്കുകയാണ് ടോൾ കമ്പനിയുടെ സ്ഥിരം രീതി. ഇന്നലെ ദമ്പതികൾക്ക് നേരെ നടന്ന സംഭവത്തിലും ഇത് തന്നെയാണ് നടന്നത്. ഈ കാര്യത്തിൽ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ടോൾ പ്ലാസയിൽ തൊഴിൽ നികുതി അടക്കുന്ന എത്ര ജീവനക്കാരുണ്ട് എന്നുള്ളത് പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.എൽ. ജോസ് കൺവീനർ സോമൻ മുത്രത്തിക്കര തുടങ്ങിയവർ ചേർന്ന് നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരനാണ് നൽകിയത്. അവരുടെ പേര് വിവരം പഞ്ചായത്ത് രേഖകളിൽ ഉണ്ടോയെന്നും അവരെ തിരിച്ചറിയാൻ ഐഡി കാർഡ് നൽകിയിട്ടുണ്ടോയെന്നും അവ പ്രസിദ്ധപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.