ഗുരുവായൂർ: വകുപ്പുകൾ തമ്മിലുള്ള മത്സരമാണ് പല വികസന പ്രവർത്തനങ്ങളും തടസപ്പെടുന്നതിന് കാരണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചേർന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കാൻ പാടില്ല. വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെത്തി ചേരുന്ന ഭക്തരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ജീവനക്കാർ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ആരാധാനാലയങ്ങളിൽ എത്തിചേരുന്ന വിവിധ മതവിഭാഗത്തിൽപ്പെട്ട വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കണ്ടുവരുന്നുണ്ട്. ജീവിതത്തിലെ ഒറ്റപ്പെടലും ദുഖവും അനുഭവിക്കുന്ന മനുഷ്യന് സങ്കട നിവർത്തിയ്ക്ക് ആരാധനാലയങ്ങളല്ലാതെ മറ്റു മാർഗങ്ങളില്ലാതായി. ക്ഷേത്രങ്ങളിൽ എത്തിചേരുന്ന ഭക്തർക്ക് എന്തെല്ലാം സൗകര്യം ഒരുക്കി കൊടുക്കാൻ സാധിക്കുമെന്നതാണ് സർക്കാരിന്റെ ദൗത്യം. ആ ദൗത്യം നിർവഹിക്കുന്ന കാര്യത്തിൽ ഏത് ഭക്ത ശിരോമണി കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നിട്ടുള്ളതിനേക്കാൾ അധികം ഈ നാടിന് വേണ്ടി സർക്കാരിന്റെ ഖജനാവിൽ നിന്നും ഈ സർക്കാർ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ തുടങ്ങിയവർ സംസാരിച്ചു.