ചാലക്കുടി: ദേശീയ പാതയിലെ ചാലക്കുടി അടിപ്പാത നിർമ്മാണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി തീരുമാനിച്ച പ്രക്ഷോഭത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കുമെന്ന് ബി.ഡി. ദേവസി എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ജംഗ്ഷനിൽ രാവിലെ 10മുതൽ വൈകീട്ട് 5വരെയുള്ള ധർണ്ണയാണ് സമരത്തിന്റെ ആദ്യഘട്ടം.
നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന സമരം ജനകീയ സമര സമിതിയുടെ ചെയർമാൻ കൂടിയായ എം.എൽ.എ നയിക്കും. രക്ഷാധികാരിയായ ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ധർണ്ണയിൽ എല്ലാ രഷ്ട്രീയ പാർട്ടികളും സാസ്‌കാരിക, സാമുദായിക സംഘടനകളും പങ്കെടുക്കും. വിദ്യാർത്ഥികളടക്കം നിരവധി പേർ ഐക്യദാർഢ്യവുമായി വേദിയിലെത്തും. നഗരസഭാ ചെയർപേഴ്ൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
..............................
കെ.എം.സി കമ്പനിയുടെ ജനവഞ്ചനയുടെ ഫലം: ബി.ഡി. ദേവസി എം.എൽ.എ
ദേശീയ പാതയുടെ കരാറുകാരായ കെ.എം.സി കമ്പനി നടത്തുന്ന ജനവഞ്ചനയുടെ ഫലമാണ് അടിപ്പാത നിർമ്മാണം എങ്ങുമെത്താതെ കിടക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഒന്നര വർഷം മുമ്പ് മന്ത്രി ജി. സുധാകരനുമായി എൻ.എച്ച്.ഐ ഉദ്യോഗസ്ഥരും കരാർ കമ്പനിയും ചർച്ച നടത്തിയാണ് അടിപ്പാത നിർമ്മാണം ആരംഭിച്ചത്. ദേശീയ പാത അധികൃതർ ഇതിനുവേണ്ടി മൂന്നു കോടി രൂപ മുൻകൂറായി കെ.എം.സിയ്ക്ക് കൈമാറി. ഇപ്പോൾ എത്തിനിൽക്കുന്ന നിർമ്മാണ പ്രവൃത്തികൾക്കായി ഉപകരാർ കമ്പനിക്ക് ചെലവായത് രണ്ടു കോടിയോളം രൂപയാണ്. എന്നാൽ കെ.എം.സിയാകട്ടെ അവർക്ക് നൽകിയത് 35 ലക്ഷവും. നിർമ്മാണം നിലയ്ക്കാൻ കാരണം ഇതാണ്. എം.എൽ.എ വ്യക്തമാക്കി. പുതിയ എം.പി. മുൻകൈയ്യെടുത്ത് ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥർ ഒളിച്ചുകളി നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ജനകീയ പ്രക്ഷോഭത്തിന് തീരുമാനിച്ചത്.