ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വർണ്ണാഭമായി. രാവിലെ കാഴ്ച നടന്ന കാഴ്ച ശീവേലിയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. മുരിങ്ങൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ക്ഷേത്രാങ്കണത്തിലെത്തി തുടർന്ന് നടന്ന മേളം പൂരപ്രേമികളിൽ ആവേശം വിതച്ചു. ഉച്ചയ്ക്ക് പ്രസാദയൂട്ട് നടന്നു. വൈകീട്ട് റെയിൽവേ ഗേറ്റിൽ നിന്നാരംഭിച്ച പകൽപ്പൂരം അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നടന്ന പാണ്ടിമേളം താലപ്പൊലിയുടെ ആവേശം വാനോളം ഉയർത്തി. തുടർന്ന് പള്ളിവേട്ട മഹോത്സവം നടന്നു. ഇന്നത്തെ ആറാട്ടോടെ താലപ്പൊലി സമാപിക്കും. വൈകീട്ട് 5ന് ആറങ്ങാലി കടവിലാണ് ആറാട്ട്. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പും കൊടിയിറക്കലും നടക്കും.