തൃശൂർ : റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരവും ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റുമായ സി.വി പാപ്പച്ചന്. പൊലീസ് അക്കാഡമിയിലെ എസ്.പിയും അസിസന്റ് ഡയറക്ടറുമായ കെ. മനോജ് കുമാർ, തൃശൂർ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റ് എൽ. ശലമോൻ,. ജില്ലാ സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ. സന്തോഷ് കുമാർ, തൃശൂർ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഡി. ബലറാം എന്നിവരാണ് മെഡൽ ലഭിച്ച മറ്റുള്ളവർ. കൂടാതെ മുംബൈയിൽ റെയിൽവേയിൽ അസി. സെക്യുരിറ്റി കമ്മിഷണറായി ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട തുമ്പൂർ സ്വദേശി പി.പി ജോയിയും മെഡലിന് അർഹനായി.1991 ൽ എസ്.ഐയായി ജോലിയിൽ പ്രവേശിച്ച ജോയി തിരുവനന്തപുരം, പാലക്കാട്, മധുരൈ ഡിവിഷനുകളിൽ ജോലി ചെയ്തു.
ഫുട്ബാളിലൂടെ പൊലീസിൽ എത്തിയ ഉദ്യോഗസ്ഥനാണ് സി.വി പാപ്പച്ചൻ. ഒരു കാലത്ത് ഇന്ത്യൻ ഫുട്ബാളിന്റെ മിന്നും താരമായിരുന്നു. 1982ൽ അന്നത്തെ ഡി.ജി.പിയായിരുന്ന എം.കെ ജോസഫാണ് പൊലീസിൽ കൊണ്ടുവന്നത്. 1982 - 1998 കാലഘട്ടത്തിൽ പൊലീസ് ടീമിനും 98- 99 കാലഘട്ടത്തിൽ എഫ്.സി കൊച്ചിനുമായി കളിച്ചു. സന്തോഷ് ട്രോഫിയിൽ ഉൾപ്പെടെ പലതവണ കേരളത്തെയും നയിച്ചു. നെഹ്‌റു കപ്പ് ഇന്റർനാഷണൽ ഫുട്‌ബാൾ ടൂർണമെന്റുകളിൽ ഇന്ത്യക്കായി ജഴ്‌സി അണിഞ്ഞിട്ടുണ്ട്.