നിർമ്മാണ കമ്പനിയെ ഒഴിവാക്കാൻ നീക്കമാരംഭിച്ചതായി സൂചന
കൊടുങ്ങല്ലൂർ: എറിയാട് കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതി പ്രകാരം നിർമ്മാണമാരംഭിച്ച ബഹുനിലകെട്ടിടത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിന് പിന്നിൽ കരാറുകാരുടെ അനാസ്ഥയാണെന്ന് ആക്ഷേപം. നിർമ്മാണ പ്രവൃത്തിയിൽ കാലതാമസം വരുത്തിയ കൺസ്ട്രക്ഷൻ കമ്പനിയെ കരാറിൽ നിന്നും ഒഴിവാക്കാൻ നീക്കമാരംഭിച്ചതായി സൂചന. പുതിയ കെട്ടിടത്തിനു വേണ്ടി ക്ലാസ് മുറികൾ പൊളിച്ചു മാറ്റുകയും ക്ലാസുകളുടെ പ്രവർത്തനം താത്കാലിക ഷെഡ്ഡിലേക്ക് മാറ്റുകയും ചെയ്തിരിക്കെയാണ് വർഷങ്ങൾക്ക് മുൻപ് നിർമ്മാണമാരംഭിച്ച ബഹുനില കെട്ടിടം പണി എങ്ങുമെത്താത്തത്. ഈ സാഹചര്യത്തിലാണ് കരാർ കമ്പനിയായ ശ്രീശൈലം കോൺട്രാക്ടിംഗിനെ ചുമതലയിൽ നിന്നും ഒഴിവാക്കാൻ നടപടി ആരംഭിച്ചിട്ടുള്ളതെന്നാണ് വിവരം.
പൊതുജന പങ്കാളിത്തത്തോടെ പത്ത് കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇന്റർനാഷ്ണൽ സ്കൂൾ പദ്ധതിയാണ് കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടനിർമ്മാണമാണ് ഇഴയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസും യു.ഡി.എഫുമൊക്കെ രംഗത്തെത്തിയിരുന്നു. കെട്ടിട നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ അസംതൃപ്തി പ്രകടിപ്പിച്ച് ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കരാറുകാർ കൂടുതൽ ജോലിക്കാരെ നിയോഗിക്കാനുമൊക്കെ തയ്യാറായെങ്കിലും നിർമ്മാണത്തിന് ഇതൊന്നും കാര്യമായ പുരോഗതിക്ക് കാരണമായില്ല. ഇതോടെയാണ് കരാറുകാരനെ ഒഴിവാക്കാനുള്ള സമ്മർദ്ദവും ശക്തമായിട്ടുള്ളത്.