തൃപ്രയാർ: പത്ത് ചിത്രകാരൻമാരുടെ ചിത്രപ്രദർശനം ശ്രദ്ധേയമാവുന്നു. തൃപ്രയാർ വൈമാളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരൻമാർ വരച്ച വ്യത്യസ്ത ചിത്രങ്ങളുടെ പ്രദർശനം കാണാൻ തിരക്കേറുകയാണ്. തൃശൂർ സ്വദേശികളായ രഹ്ന സലീൽ, ഷാജി കെ അബ്ദു, അക്ബർ എം.എ, മണി ചാവക്കാട്, കണ്ണൂർ സ്വദേശികളായ ചെറുപുഴ സലീഷ്, ഷൈജു അഴീക്കോട്, വിപിൻദാസ്, കോട്ടയത്തുനിന്നുള്ള ശുഭ എസ് നാഥ്, കോഴിക്കോട് സ്വദേശി സ്മിത ജി.എസ്, സുലൈഖ എം.പി, ഡോ. ലാൽ രഞ്ചിത്ത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ദി ആർട്ടിസ്റ്റ് എന്ന പേരിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.

അക്രിലിക്ക്, എണ്ണച്ഛായം, ജലച്ഛായം എന്നീ മീഡിയങ്ങളിലുള്ള ചിത്രങ്ങൾ കൂടാതെ പ്ലാസ്റ്റർ ഒഫ് പാരീസിൽ തീർത്തതും മുത്തുകൾ കൊണ്ട് വരച്ചതുമെല്ലാം ആകർഷിക്കുന്നതാണ്. ഗ്രാമജീവിതത്തെയും പ്രകൃതിയെയും, സ്ത്രീകൾക്കു നേരെ നടക്കുന്ന ആക്രമങ്ങൾക്കെതിരെയും ബന്ധപ്പെടുത്തുന്ന ചിത്രങ്ങൾ എറെയുണ്ട്.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ എം.ആർ. സുഭാഷിണി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനം ഫെബ്രുവരി മൂന്നിന് സമാപിക്കും. ചിത്രകലാപ്രവർത്തകർക്ക് സാംസ്‌കാരിക ഇടം നൽകുകയെന്നതാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നേതൃത്വം നൽകുന്ന രഹന സലീൽ, മണി ചാവക്കാട് എന്നിവർ പറഞ്ഞു. നേരത്തെ കോഴിക്കോടും ഇതേരീതിയിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു.