തൃശൂർ: പൗരത്വ നിയമഭേദഗതിക്കെതിരായി എൽ.ഡി.എഫ് നടത്തിയ മനുഷ്യ മഹാശൃംഖലയിൽ ജില്ലയിൽ ലക്ഷങ്ങൾ കണ്ണികളായി. ചെറുതുരുത്തിയിൽ തുടങ്ങി ഷൊർണ്ണൂർ റോഡ് വഴി സ്വരാജ് റൗണ്ട് എം.ഒ റോഡ് ഹൈറോഡ് വഴി ജില്ലാ അതിർത്തിയായ പൊങ്ങം വരെ 71 കിലോമീറ്ററായിരുന്നു ജില്ലയിലെ മനുഷ്യശൃംഖല. സ്ത്രീകളും പങ്കെടുത്തു.

ചെറുതുരുത്തിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണും പൊങ്ങത്ത് മന്ത്രി സി. രവീന്ദ്രനാഥും ആദ്യ കണ്ണിയായി. എം.ഒ റോഡിൽ ജില്ല കേന്ദ്രീകരിച്ചുളള പരിപാടിയിൽ നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. പി. ചിത്രൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഭരണഘടനാ ആമുഖം വായിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ, ഓർത്തഡോക്‌സ് സഭ ബിഷപ്പ് യുഹന്നാൻ മോർമിലിത്തിയോസ്, മുള്ളൂർക്കര മുഹമ്മദലി സഖാഫി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, തമിഴ് എഴുത്തുകാരി രാജാശർമ്മ, നടൻ ഇന്നസെന്റ്, കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.എം ഹാരിസ്, സംഗീതനാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത, കേരള മുസ്ലീം ജമാ അത്ത് ജില്ലാപ്രസിഡൻ്റ് സയ്യിദ് സഫസ് തങ്ങൾ, കവയിത്രി വിജയരാജ മല്ലിക എന്നിവർ പ്രസംഗിച്ചു. കെ. രാധാകൃഷ്ണൻ സ്വാഗതവും സി.ആർ വത്സൻ നന്ദിയും പറഞ്ഞു. കൽദായ സുറിയാനി സഭ ബിഷപ്പ് മാർ യൂഹന്നാൻ യൂസഫ്, ഇമാം ഇബ്രാഹിം സല്ലാഖി, അഡ്വ. കെ.ബി. മോഹൻദാസ്, പി.ടി കുഞ്ഞുമുഹമ്മദ്, അമ്പിളി, അശോകൻ ചരുവിൽ, ഷീബ അമീർ, സംഗീതനാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, സി.എൻ ജയദേവൻ, കെ.പി രാജേന്ദ്രൻ, പി.കെ രാജൻ മാസ്റ്റർ, പി.ടി അഷറഫ്, എം.പി പോളി, പോൾ എം. ചാക്കോ തുടങ്ങിയവരും കണ്ണികളായി.