തൃശൂർ: സാരികളിൽ ഡിസൈൻ വരച്ച് വിൽപന നടത്തി കിട്ടുന്ന വരുമാനം ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് നൽകാൻ ഒരുങ്ങി വിദ്യാർത്ഥികൾ. പ്രമുഖ ഫാഷൻ ഡിസൈനർ അഞ്ജലി വർമയും പൂങ്കുന്നം ഹരിശ്രീ സ്‌കൂളും ചേർന്നാണ് വീവിംഗ് സ്‌മൈൽസ് എന്ന പേരിൽ വിദ്യാർത്ഥികളുടെ ഡിസൈൻ ശിൽപശാലയും വിതരണ മേളയും നടത്തുന്നത്. നൂറ് സാരികളിലാണ് അഞ്ജലി വർമയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഡിസൈൻ ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഇതിനകം തന്നെ ഡിസൈൻ പരിശീലനം നൽകി വരികയാണെന്ന് ഡിസൈനർ അഞ്ജലി വർമ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി മൂന്നിന് രാവിലെ 11ന് പൂങ്കുന്നം ഹരിശ്രീ സ്‌കൂളിൽ വീവിംഗ് സ്‌മൈൽസ് പ്രദർശനവും വിൽപനയും നടത്തും. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾ തയ്യാറാക്കിയ സാരികൾ വിൽപന നടത്തി ലഭിക്കുന്ന പണം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന സൊലേസിന് കൈമാറും. 8000 മുതൽ 9000 രൂപ വരെയാണ് വില. പ്രദർശന വിവരമറിഞ്ഞ് പകുതിയിലധികം സാരികൾ വാങ്ങാൻ തയ്യാറായിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞു. പത്രസമ്മേളനത്തിൽ ഷീബ അമീർ, ഹരിശ്രീ സ്‌കൂൾ ചിത്ര കല അദ്ധ്യാപകൻ കെ.പ്രസാദ് എന്നിവരും പങ്കെടുത്തു.