കൊടകര: ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ശ്രീനാരായണ ഗുരു കഴിഞ്ഞാൽ പ്രഥമ ഗണനീയൻ ഡോ. പൽപ്പുവാണന്ന് ചാലക്കുടി ഗായത്രീ ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ സ്വാമി. പേരാമ്പ്ര ഗുരു ചൈതന്യമഠത്തിൽ ഡോ. പൽപ്പുവിന്റെ 70-ാം പരിനിർവാണ ദിന സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ അനശ്വരനായ വിപ്ലവകാരിയായ അദ്ദേഹം വടക്കെ ഇന്ത്യയിലോ സവർണ്ണ സമുദായത്തിലോ ജനിച്ചിരുന്നെങ്കിൽ ലോകം അറിയുന്ന മഹാത്മാവായി വാഴ്ത്തപ്പെടുമായിരുന്നു. ഇത്ര ദീർഘവീക്ഷണത്തോടെ അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ ശ്രമിച്ച മറ്റൊരു ജനനായകനില്ല. കേരളത്തിൽ ആദ്യത്തെ പുലയ സ്‌കൂൾ സ്ഥാപിച്ച മഹാൻ ഡോ. പൽപ്പുവാണ്. അംബേദ്കർ അന്ന് ബാലനാണ്. അയ്യൻകാളിയാകട്ടെ അധഃസ്ഥിതരുടെ വിദ്യാഭ്യാസ പ്രവർത്തന മുന്നേറ്റത്തിന്നായി ശ്രമിക്കുന്നതിനും മുൻപാണ് ഡോ. പൽപ്പു സ്‌കൂൾ സ്ഥാപിച്ചതെന്ന് വിവേകോദയം മാസികയുടെ ആദ്യ ലക്കത്തിൽ വായിക്കാനാകുമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് വേലായുധൻ മാസ്റ്റർ അദ്ധ്യക്ഷനായി. രാജീവ് പേരാമ്പ്ര, ശിവൻ, ജയപാൽ അങ്കമാലി, നരേന്ദ്രൻ നെല്ലായി തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ 10 മുതൽ 13 വരെ പേരാമ്പ്ര ഗുരു ചൈതന്യമഠത്തിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടത്തുന്നതിനുള്ള സ്വാഗത സംഘവും രൂപീകരിച്ചു.