തൃശൂർ: പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമവും അതിനു കീഴിലെ സോമശേഖര ക്ഷേത്രവും വ്യാജ രേഖകൾ ചമച്ച് പിടിച്ചെടുക്കാൻ ശ്രമമെന്ന് പരാതി. സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ, ശിവഗിരിമഠത്തിലെ മുഴുവൻ സന്യാസിമാരെയും അണിനിരത്തി ഫെബ്രുവരി 16ന് രാവിലെ 10ന് ക്ഷേത്രപ്രദക്ഷിണം നടത്തി പ്രതികരിക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷനാകും. ശിവഗിരി മഠത്തിന്റെ ലെറ്റർ പാഡ് ഉണ്ടാക്കിയും ഉപദേശക സമിതി അംഗങ്ങൾ എന്ന വ്യാജേന ഏഴ് പേരുകൾ ചേർത്തും പെരിങ്ങോട്ടുകര ഷൺമുഖ മഠം രക്ഷാധികാരി വിഷ്ണുദാസ് വസ്തുവകകൾ കൈയടക്കാൻ ക്ഷേത്രത്തിനും തനിക്കുമെതിരെ കേസുകൾ നൽകിയതായി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ആരോപിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സ്വയം നിയമാവലി ഉണ്ടാക്കിയും മഠത്തിന്റെ ആജീവനാന്ത രക്ഷാധികാരിയായി നിയോഗിച്ചതായും തെറ്റിദ്ധരിപ്പിച്ചാണ് തൃശൂർ മുൻസിഫ് കോടതിയിൽ കേസ് നൽകിയത്. ശിവഗിരി മഠത്തിന്റെ അനുമതിയോടെ ഇയാൾക്കെതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ കീഴിൽ താന്ന്യം, അന്തിക്കാട്, ചാഴൂർ, മൂന്ന് പഞ്ചായത്തുകളിലായി ഏഴ് ദേശങ്ങളുണ്ട്. മൂത്തേടത്തറ, താന്ന്യം, കീഴ്പ്പുള്ളിക്കര, ചാഴൂർ, കുറുമ്പിലാവ്, കിഴക്കുംമുറി, വടക്കുംമുറി, ആലപ്പാട് എന്നിങ്ങനെ ഏഴ് ദേശങ്ങളുടെ കൂട്ടായ്മയിലാണ് ക്ഷേത്രമഹോത്സവം നടക്കുന്നത്. ദേശങ്ങളിൽ നിന്ന് ഏഴ് ഉപദേശക സമിതി അംഗങ്ങളെ ദേശക്കാർ നൽകിയാൽ അത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗീകരിക്കുമ്പോഴാണ് കമ്മിറ്റി നിലവിൽ വരുന്നത്. ധർമ്മസംഘത്തിന്റെ നോമിനിയായ ഒരു വൈസ് പ്രസിഡന്റും കമ്മിറ്റിയിൽ ഉണ്ട്. കൃത്യതയോടെയാണ് മൂന്നു വർഷമായി കാര്യങ്ങൾ ചെയ്യുന്നതെന്നും സ്വാമി ബ്രഹ്മസ്വരൂപാനന്ദ വ്യക്തമാക്കി. ശ്രീനാരായണാശ്രമം ഉപദേശക സമിതിയംഗങ്ങളായ പ്രേമൻ പണ്ടാരിക്കൽ, ബോസ് കിഴുമായിൽ, ബിനു കളത്തിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.