തൃശൂർ: മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ മനുഷ്യരെ വിഭജിച്ച് ശൈഥില്യമുണ്ടാക്കാനായി തിരക്കിട്ട് തയ്യാറാക്കിയതാണ് പൗരത്വഭേദഗതി നിയമം. അതുകൊണ്ടാണ് രാജ്യമാകെ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഈ നിയമം മതേതര ഭാരതത്തിന് അംഗീകരിക്കാനാവില്ല. രാജ്യത്ത് പലതരം പൗരന്മാരെ സൃഷ്ടിക്കുന്നതിനേ ഈ നിയമം ഉപകരിക്കൂ. രാഷ്ട്രീയ ജനാധിപത്യത്തിന്റെയും സാമ്പത്തിക ജനാധിപത്യത്തിന്റെയും ആത്മാംശമുള്ള ഭരണഘടനയെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാനാത്വത്തിൽ ഏകത്വവും മതേതരത്വവും ഉയർത്തിപ്പിടിക്കണം.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഏതിനെങ്കിലും മങ്ങലേൽക്കുന്നത് അതിന്റെ അന്ത:സത്ത നശിപ്പിക്കും. മതജാതി വർഗ്ഗലിംഗ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന് ഭരണഘടന പ്രഖ്യാപിക്കുന്നു. ലോകത്തെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിന് കൂട്ടായി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.