നന്തിക്കര: തുല്യതയിൽ അധിഷ്ഠിതമാണ് നമ്മുടെ ഭരണഘടനയെന്നും, വലിയ ചരിത്രവും സ്വപ്നവുമുള്ള ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേതെന്നും മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് റിപബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ സ്‌കൂളുകളിൽ നടപ്പിലാക്കിയ ഭരണഘടനയുടെ ആമുഖ വായനയുടെയും, സ്കൂൾ മാതൃകാ ഭരണഘടനയ്ക്കുള്ള സമ്മാനദാനവും നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നൈതികം ഭരണഘടനയ്ക്ക് 70 ആണ്ട് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ അദ്ധ്യക്ഷയായി. സ്‌കൂൾ ലീഡർ സ്‌നേഹ ഗെറാൾഡ് വായിച്ച ഭരണഘടനയുടെ ആമുഖം മന്ത്രിയുൾപ്പെടെയുള്ളവർ എറ്റുചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മാതൃക ഭരണഘടന തയ്യാറാക്കി, സംസ്ഥാന തലത്തിൽ സമ്മാനം നേടിയ പാലക്കാട് വട്ടേനാട്, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. മലപ്പുറം നെല്ലിക്കുത്ത്, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് രണ്ടാം സ്ഥാനവും, പത്തനംതിട്ട എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് മൂന്നാം സമ്മാനവും ലഭിച്ചു.