ചാലക്കുടി: ഉൾനാടൻ മത്സ്യ മേഖലയിലെ എല്ലാ സാദ്ധ്യതയും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മത്സ്യക്കൃഷിയിൽ വൻകുതിച്ചുച്ചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. ഉൾനാടൻ മത്സ്യ ഭവൻ സംസ്ഥാന തല ഉദ്ഘാടനവും മത്സ്യ കർഷക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇതിനായി വൈവിദ്ധ്യമാർന്ന പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. നമുക്ക് ആവശ്യമുള്ള മത്സ്യക്കുഞ്ഞുങ്ങളെ മൊത്തമായും ഇവിടെ തന്നെ ഉത്പാദിക്കും. ഇതര സംസ്ഥാനത്തു നിന്നുമുള്ളവയുടെ വരവ് തടയാനായാൽ ഗുണമേന്മയുള്ള മത്സ്യങ്ങളെ വളർത്തിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാതെ ഇനി മുതൽ ഫാമുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കാനാകില്ല. ഇതിന്റെ പരിശോധനക്കുവേണ്ടി കൂടുതൽ റീജ്യണൽ ലാബുകളും സ്ഥാപിക്കും. സംസ്ഥാനത്ത് ആകെ 67 മത്സ്യ ഭവനുകളാണ് തുറക്കുക. ടി.കെ. രാമകൃഷ്ണൻ ഫിഷറീസ് മന്ത്രിയായിരുന്ന 1987 കാലഘട്ടത്തിലാണ് മത്സ്യരംഗത്ത് നൂതന പദ്ധിതകൾ ആവിഷ്കരിച്ചത്. പിണറായി സർക്കാർ ഇതു പൂർത്തിയാക്കുകയാണെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. ഗോപാലകൃഷ്ണ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി.
മത്സ്യ കർഷകർക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച ശുദ്ധജല മത്സ്യ കർഷകൻ വയനാട്ടിലെ അബ്ദുൾ റഷീദ്, ഓരു ജല മത്സ്യ കർഷകൻ മലപ്പുറത്തെ കെ. നാരായണൻ, മികച്ച ചെമ്മീൻ കർഷകൻ കൊല്ലത്തെ ആർ. അജിത്ത്, നൂതന മത്സ്യക്കൃഷി നടപ്പിലാക്കിയ ഇടുക്കിയിലെ ടോമി പീറ്റർ തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങി.
നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, ഫിഷറീസ് ഡയറക്ടർ വെങ്കടേശപതി, അഡീഷണൽ ഡയറക്ടർ ആർ. സന്ധ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലൻ, പി.പി. ബാബു, തങ്കമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല തുടങ്ങിയവർ പ്രസംഗിച്ചു.