തൃശൂർ : കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാൽ ഇന്ന് മുതൽ രണ്ട് ദിവസം രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധകമല്ല. എറണാകുളം തൃശൂർ ഭാഗത്ത് നിന്നും കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം.
കുതിരാൻ പാതയിലൂടെ രാവിലെ എഴ് വരെ മാത്രമേ തൃശൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. അതിനാൽ എറണാകുളം - അങ്കമാലി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് രാവിലെ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ബാധകമാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, ആംബുലൻസ് പോലുളള അടിയന്തര വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. പാലക്കാട്ടേക്ക് പോകേണ്ട മറ്റു സ്വകാര്യ വാഹനങ്ങൾ പഴയന്നൂർ ഒറ്റപ്പാലം വഴി പോകേണ്ടതാണ്. ഗതാഗത നിയന്ത്രണത്തിനുളള ഒരുക്കം പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. ഇന്നും നാളെയും ട്രയൽ റണ്ണിന്റെ അടിസ്ഥാനത്തിൽ 15 ദിവസം വീതം രണ്ടു ഘട്ടമായാണ് കേബിളിടൽ നടക്കുക. ഡെപ്യൂട്ടി കളക്ടർ (ഡി.എം) ഡോ. എം.സി. റെജിൽ, തൃശൂർ ആർ.ടി.ഒ ആർ. രാജീവ്, പവർ ഗ്രിഡ് ചീഫ് ജനറൽ മാനേജർ പി. ജയചന്ദ്രൻ, ജനറൽ മാനേജർ എസ്. മോഹൻകുമാർ, ഡി.ജി.എം അജിത്ത് ജോൺ, എൻ.എച്ച്.എ.ഐ സൈറ്റ് എൻജിനീയർ അർജുൻ ബിനോയ്, മറ്റ് ഉദ്യോഗസ്ഥർ, ലോറി ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തുരങ്കം ഇന്ന് തുറക്കും
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ രണ്ടു ദിവസം ഭാഗികമായി തുറക്കും. പാലക്കാട് ഭാഗത്ത് നിന്നുള്ള ഭാരവാഹനങ്ങളാണ് ഇതു വഴി കടത്തി വിടുക. തുരങ്കത്തിലെ വെളിച്ച വായു നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തന ക്ഷമമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ കുതിരാൻ തുരങ്കത്തിലെ നിർമ്മാണ പ്രവൃത്തികൾ നേരിട്ടെത്തി വിലയിരുത്തി. ഇന്ധന ടാങ്കറുകൾ പോലുളള അപകടസാദ്ധ്യതയേറിയ വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിടില്ല. തുരങ്കത്തിലെ മൂന്ന് വരി പാതിയിലെ ഒരു വരിയിലൂടെയാകും ഗതാഗതം. മറ്റ് രണ്ട് വരികൾ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. തുരങ്കത്തിന്റെ ഇരുഭാഗത്തും രണ്ട് ഫയർ ടെൻഡറുകളും രണ്ട് ക്രെയിനുകളും ഏർപ്പെടുത്തും. ട്രയൽ റണ്ണിനായി 350ലേറെ പൊലീസ് ഉദ്യോഗസ്ഥർ, 250ലേറെ വോളണ്ടിയർമാർ, നൂറോളം മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിച്ചതായും ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു...