tree
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മുറിച്ചിട്ടിരിക്കുന്ന തണൽ മരങ്ങൾ

ചാലക്കുടി: പരാതി കൊടുത്തയാൾ തന്നെ പിന്നീട് അതേക്കുറ്റം ചെയ്താലോ? കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മരംമറിയുടെ കാര്യത്തിൽ വിചിത്രാനുഭവം ഇങ്ങനെ. തന്റെ അനുമതിയില്ലാതെ കോമ്പൗണ്ടിലെ പാഴ്മരം മുറിച്ചെന്ന് പരാതിയുമായി ആദ്യം രംഗത്തെത്തിയത് സ്റ്റേഷൻ ഓഫീസറായിരുന്നു. സോഷ്യൽ ഫോറസ്ട്രിക്കും പൊലീസിനും ലഭിച്ച ഓഫീസറുടെ പരാതിയിൽ ഒന്നാം പ്രതി നഗരസഭയുടെ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിനും.

കഴിഞ്ഞ ഡിസംബറിൽ ഏറെ ചർച്ചയായ സംഭവം പിന്നീട് തന്ത്രപരമായി നഗരസഭാ അധികൃതർ അവസാനിപ്പിക്കുകയായിരുന്നു. ട്രീ കമ്മിറ്റിയുടെ അനുമതിയോടെയാണ് മരംമുറിച്ചതെന്ന് രേഖയുണ്ടായതോടെ പ്രശ്‌നം കെട്ടടങ്ങി. എന്നാൽ ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത് ഇതേ ഓഫീസറുടെ പേരിലാണ്.

മേലധികാരിയുടെ അനുമതിയോടെ സ്റ്റാൻഡിൽ മുറിച്ചിട്ട മരങ്ങളുടെ എണ്ണം പതിനാല്. സോഷ്യൽ ഫോറസ്ട്രിയുടെ അനുമതിയോടെയാണ് മരംമുറിച്ചതെന്ന് ഓഫീസർ വ്യക്തമാക്കുമ്പോൾ ഡിപ്പോയിലെ മൊത്തം ജീവനക്കാർ ഇതിനെതിരാണ്. സ്റ്റാൻഡിനുള്ളിൽ കാക്കയ്ക്കു പോലും ഇരിക്കാൻ ഇടമില്ലാത്ത വിധമാണ് മരംമുറി നടന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

കരാർ നൽകിയെന്ന പേരിൽ അനുമതി വാങ്ങിയതും ഇല്ലാത്തതുമായ തണൽമരങ്ങളുടെ കടയ്ക്കൽ കോടാലി വീഴുകയായിരുന്നത്രെ. ഹരിത കോമ്പൗണ്ട് എന്ന പരസ്യം പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലത്താണ് യാത്രക്കാർക്ക് ഭീഷണിയെന്ന പേരിൽ മരങ്ങൾ തലങ്ങും വിലങ്ങും മുറിച്ചിട്ടത്. ഇതിനെതിരെ നഗരസഭാ കൗൺസിലർ വി.ജെ. ജോജി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.