കൊടുങ്ങല്ലൂർ: നഗരസഭയിലെ ഇരുപതാം വാർഡിലെ പാലിയംതുരുത്ത് പ്രദേശത്തെ വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടി ചായ തിളപ്പിച്ച് പ്രതിഷേധിച്ചു. രാവിലെ മുതൽ ആരംഭിച്ച സമരം ഉച്ചവരെ നീണ്ടു. പാലിയം തുരുത്തിലെ 250 ഓളം കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമം മൂലം പൊറുതി മുട്ടുന്നത്. ഈ ഭാഗത്ത് കുടിവെള്ളമെത്തിയിട്ട് 22 ദിവസം പിന്നിട്ടെന്നാണ് ഇവർ ആരോപിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പാലിയംതുരുത്തുകാർ കുടിവെള്ള സമരം നടത്തുന്നത്.
അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലമാണ് പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള ദൗർലഭ്യത്തിന് കാരണമെന്ന് വാർഡ് കൗൺസിലർ എം.എസ്. വിനയകുമാർ ആരോപിച്ചു. നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും നിരുത്തരവാദിത്വപരമായ പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധം അറിഞ്ഞ് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് തുടങ്ങിയവരും സ്ഥലത്തെത്തി. അടുത്ത ദിവസം തന്നെ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സമരത്തിന് മുൻ കൗൺസിലർ ബേബി ഉണ്ണിക്കൃഷ്ണൻ, രമ ശിവരാമൻ, വിഷ്ണുപ്രിയ, അംബിക തുടങ്ങിയവർ നേതൃത്വം നൽകി.