കൊടുങ്ങല്ലൂർ: തൃക്കണാമതിലകം ഗ്രാമീണ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് പുന്നക്ക ബസാർ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് നഗറിൽ നിന്നും മതിലകം പുതിയകാവിലെ അംബേദ്കർ നഗറിലേക്ക് അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന റാലി ആരംഭിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ബെന്നി ബെഹ്നാൻ എം.പി, സ്വാമി സന്ദീപാനന്ദഗിരി, അഡ്വ. ഹരീഷ് വാസുദേവൻ, ഡോ: മാത്യു കുഴൽ നാടൻ, കമൽ തുടങ്ങിയവർ സംസാരിക്കും. ഗാന്ധിജിയുടേയും, നെഹ്റുവിന്റെയും പ്രസംഗം കേൾപ്പിക്കും. പ്രകടനത്തിൽ അറുപതോളം വരുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ ഛായാചിത്രങ്ങളുടെ പ്ലക്കാർഡുകളും ടാബ്ളോകളും ഉയർത്തും.
സംഗമത്തിന് മുന്നോടിയായി ഇന്നലെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൻ.എസ്. മാധവന്റെ മുംബൈ എന്ന ചെറുകഥയെ ആസ്പദമാക്കി തയ്യാറാക്കിയ തെരുവ് നാടകാവതരണം നടന്നു. ഇന്ന് പഞ്ചായത്ത് പ്രദേശത്ത് വിളംബര ജാഥയും നടക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ എ, പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, കൂട്ടായ്മ ചെയർമാൻ സോമൻ താമരക്കുളം, ആസ്പിൻ അഷ്റഫ്, ഒ.എ. ജെൻട്രിൻ, എം.കെ. നജീബ് എന്നിവർ അറിയിച്ചു.