തൃശൂർ : ഫുട്ബാൾ സെലക്‌ഷനുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആയിരത്തിലേറെ കുട്ടികളെ കബളിപ്പിച്ചു. ഇന്നലെ രാവിലെ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം എഫ്.സിയുടെ അണ്ടർ 14 ഫുട്‌ബാൾ ടീം പരിശീലനത്തിനായി ട്രയൽസ് നടക്കുന്നുണ്ടെന്ന രീതിയിലാണ് വ്യാജസന്ദേശം പ്രചരിച്ചിരുന്നത്. ഇതോടെ പുലർച്ചെ മുതൽ രക്ഷിതാക്കൾക്കൊപ്പം ഫുട്ബാൾ കിറ്റുമായി കുട്ടികൾ എത്തി. പല കുട്ടികളും തലേ ദിവസം തന്നെ തൃശൂരിലെത്തി മുറിയെടുത്തു.
എന്നാൽ പ്രചരിപ്പിച്ചിരുന്ന വാർത്തയിലെ സമയം കഴിഞ്ഞിട്ടും ബന്ധപ്പെട്ട ആരെയും ഗ്രൗണ്ടിൽ കാണാത്തതോടെയാണ് അന്വേഷണം തുടങ്ങിയത്. തൃശൂരിലെ എഫ്.സി കൊച്ചിൻ ടീം അധികൃതർക്കും ഫോൺ വിളിയെത്തി. രണ്ട് കൂട്ടരും തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന വിവരം മനസിലാകുന്നത്. തങ്ങൾ അങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്നായിരുന്നു ഗോകുലം എഫ്.സിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നും ഇന്നലെ മുതൽ തന്നെ കുട്ടികൾ രക്ഷിതാക്കളുമൊത്ത് എത്തിത്തുടങ്ങിയിരുന്നു.
രാവിലെ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കെത്തിയ മുൻമേയർ കെ. രാധാകൃഷ്ണൻ, കൗൺസിലർ കെ. മഹേഷ് തുടങ്ങിയവരും പ്രശ്‌നത്തിൽ ഇടപെട്ടു. സംഭവമറിഞ്ഞ് മന്ത്രി വി.എസ് സുനിൽകുമാറും, ജില്ലാ കളക്ടർ എസ്. ഷാനവാസും ഇടപെട്ടു. പൊലീസും രംഗത്തെത്തി. നടപടി ആവശ്യപെട്ട് ജില്ലാ കളക്ടർക്കും ടൗൺ ഈസ്റ്റ് പൊലീസിനും പരാതി നൽകി.