ചാലക്കുടി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖല ചാലക്കുടിയിൽ മനുഷ്യക്കൂട്ടമായി മാറി. കോടതി ജംഗ്ഷൻ മുതൽ സൗത്ത് ജംഗ്ഷൻവരെ അഭൂതപൂർവ്വമായ ജനത്തിരക്ക് അനുഭവപ്പെട്ടു. മുനിസിപ്പൽ ജംഗ്ഷനിൽ അഞ്ചുവരികളായി പ്രതിഷേധക്കാർ അണിനിരന്നു. പോട്ടയിൽ പലയിടത്തും ഇത് ആറ് വരിയായിരുന്നു.
ജില്ലാ അതിർത്തിയായ പൊങ്ങത്ത് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥായിരുന്നു ആദ്യകണ്ണി. എറണാകുളത്തിന്റെ അവസാന കണ്ണി സംസ്ഥാന വനിതാ കമ്മിഷൻ എം.സി. ജോസഫൈൻ ആയിരുന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എ, സംസ്ഥാന പ്ലാനിംഗ് ബോർഡ് ചെയർമാൻ വി.കെ. രാമചന്ദ്രൻ എന്നിവർ പൊങ്ങത്ത് അണിനിരന്നു. മുൻ എം.പി പി.കെ. ബിജു മുനിസിപ്പൽ ജംഗ്ഷനിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, ഡോ. ആർ.എൽ.വി രാമകൃഷ്ണൻ തുടങ്ങിയവരും മുനിസിപ്പൽ ജംഗ്ഷനിൽ കണ്ണികളായി.