എരുമപ്പെട്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി എരുമപ്പെട്ടി പഞ്ചായത്ത് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ സി.പി.എം ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങി പ്രതിഷേധിച്ചു. അർഹരായ 37 ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ഹിയറിംഗ് നടത്തി പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ ഇതിനുശേഷം ഗുണഭോക്താക്കൾ അറിയാതെ പട്ടിക വെട്ടിച്ചുരുക്കി കോൺഗ്രസ് അനുഭാവികൾക്ക് മാത്രമായി ലൈഫ് പദ്ധതിയിൽ അംഗീകാരം നൽകിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം പ്രതിപക്ഷത്തെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ പറഞ്ഞു. പഞ്ചായത്ത് അംഗീകാരം നൽകിയ ഗുണഭോക്തൃ പട്ടികയിൽ നിന്നും അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥയാണ് സാങ്കേതിക കാരണം പറഞ്ഞ് ചില ഗുണഭോക്താക്കളെ ഒഴിവാക്കാൻ ശ്രമിച്ചത്. ഇതിന് വിശദീകരണം തേടാനും തെറ്റായ വിവരം നൽകിയ വി.ഇ.ഒയ്ക്കെതിരെ നടപടി സ്വീകരിക്കാനും ഭരണ സമിതി യോഗം തീരുമാനമെടുത്തിട്ടുണ്ട്. അതേ സമയം ഈ ഉദ്യോസ്ഥയെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ഭരണ സമിതി തീരുമാനത്തിൽ വിയോജനക്കുറിപ്പ് എഴുതി ഇറങ്ങിപ്പോയതെന്നും പ്രസിഡന്റ് മീന ശലമോൻ അറിയിച്ചു.