എരുമപ്പെട്ടി: എരുമപ്പെട്ടി സർക്കാർ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പ്രവർത്തനം പ്രഹസനമാണെന്ന് ആക്ഷേപം. ആശുപത്രിയുടെ വികസന ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് വേണ്ടിയാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിലെ അംഗങ്ങളായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയാണ് തിരഞ്ഞെടുക്കാറുള്ളത്. അപൂർവമായി മാത്രമേ കമ്മിറ്റി വിളിച്ച് ചേർക്കാറുള്ളു. ഭൂരിഭാഗം പ്രതിനിധികളും പങ്കെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. നൂറ് കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ കിടത്തിച്ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കിടത്തിച്ചികിത്സാ വാർഡ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിക്കുന്നില്ല. വൈദ്യുതി ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് പറയുന്നു. ഇത്തരം വിഷയങ്ങളിലൊന്നും മാനേജ്‌മെന്റ് കമ്മിറ്റി ഇടപെടാൻ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്.