തൃശൂർ: പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ട്രയൽ റൺ തുടങ്ങിയതിന്റെ ഭാഗമായി കുതിരാൻ തുരങ്കം ഭാഗികമായി തുറന്നു. പാലക്കാട് ഭാഗത്ത് നിന്നുള്ള ഭാരവാഹനങ്ങളാണ് തുരങ്കത്തിലൂടെ കടത്തിവിട്ടത്. തുരങ്കത്തിലുണ്ടായ പൊടി അല്പനേരം ബുദ്ധിമുട്ടായെങ്കിലും ഫയർ ഫോഴ്‌സ് വെള്ളം ഒഴിച്ച് ശമിപ്പിച്ചു. തൃശൂർ ഭാഗത്ത് നിന്നും കുതിരാനിലൂടെയുള്ള ഭാരവാഹനങ്ങൾക്ക് വൈകിട്ട് അഞ്ച് വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തുരങ്കത്തിൽ പൊടി ഉയരുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക ജലസേചന സംവിധാനമുള്ള ടാങ്കർ പീച്ചിയിൽ നിന്നും എത്തിച്ച് തുരങ്കം നനയ്ക്കും. രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെയാണ് കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം ഇന്നും തുടരും. ട്രയൽ റൺ ഇന്ന് വസാനിക്കും. ട്രയൽ റണിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാണ് 15 ദിവസം നീളുന്ന രണ്ട് ഘട്ടങ്ങളിലൂടെ കുതിരാൻ മേഖലയിൽ കേബിളിംഗ് പൂർത്തിയാക്കുക.
ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം കുതിരാനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ട്രയൽ റണ്ണിനായി 350ലേറെ പൊലീസ് ഉദ്യോഗസ്ഥർ, 250ലേറെ വോളണ്ടിയർമാർ, നൂറോളം മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിച്ചിരുന്നു.
തുടക്കത്തിൽ കല്ലുകടി
8.30ന് തുറന്ന തുരങ്കം പൊടിശല്യം മൂലം ഗതാഗതം അസാദ്ധ്യമായ സാഹചര്യത്തിൽ ഒമ്പതരയോടെ നിറുത്തിവയ്ക്കേണ്ടി വന്നു. തുടർന്ന് തുരങ്കത്തിൽ വെള്ളമടിച്ച് റോഡ് കഴുകി വൃത്തിയാക്കി. 11.45 ഓടെ വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു. പണി ഏതാണ്ട് പൂർത്തിയായ തെക്കെ തുരങ്കത്തിലൂടെ പാലക്കാട് ഭാഗത്തു നിന്നുള്ള ചരക്ക് വാഹനങ്ങളുടെ ഒരുനിര ഗതാഗതമാണ് അനുവദിച്ചത്. വാഹനപ്പുകയും വെളിച്ചക്കുറവും പ്രശ്‌നം സൃഷ്ടിച്ചു. പച്ചക്കറി തുടങ്ങി അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കു വാഹനങ്ങൾ മാത്രമാണ് ആദ്യം തുറന്നുവിട്ടത്. ചരക്ക് വാഹനങ്ങൾ നിർദ്ദേശം കാത്ത് ഇരുഭാഗത്തും റോഡുകളിൽ കെട്ടിക്കിടക്കുന്നുമുണ്ടായിരുന്നു.